ഹൃദയം കീഴടക്കി സഞ്ജു; മാച്ച് ഫീ ഗ്രൗണ്ട് സ്റ്റാഫിന് . . .

തിരുവനന്തപുരം:ദക്ഷിണാഫ്രിക്ക ‘എ’യ്‌ക്കെതിരെ നടന്ന അവസാന ഏകദിന പരമ്പര ഇന്ത്യ എ 4-1നു വിജയിച്ചിരുന്നു. അവസാനത്തെ രണ്ട് ഏകദിനങ്ങളില്‍ മലയാളി താരം സഞ്ജു സാംസണും ഇന്ത്യക്കായി കളത്തിലിറങ്ങിയിരുന്നു. രണ്ട് മത്സരങ്ങളില്‍ നിന്നു ലഭിച്ച മാച്ച് ഫീ ഗ്രൗണ്ട് സ്റ്റാഫിനു നല്‍കി ഹൃദയം കവര്‍ന്നിരിക്കുകയാണിപ്പോള്‍ സഞ്ജു.മഴയില്‍ മുടങ്ങുമെന്ന ഭയമുണ്ടായിട്ടും വളരെ വേഗത്തില്‍ ഗ്രൗണ്ട് മത്സരത്തിനു തയ്യാറാക്കിയതിനുള്ള ഉപഹാരമായാണ് സഞ്ജു മാച്ച് ഫീ അവര്‍ക്കു നല്‍കിയത്.

പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഒരു റണ്ണെടുത്ത് പുറത്തായ സഞ്ജു രണ്ടാമത്തെ മത്സരത്തില്‍ കണക്കു തീര്‍ത്തിരുന്നു. മഴമൂലം 20 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ നാല് വിക്കറ്റിന് 204 റണ്‍സ് അടിച്ചുകൂട്ടി.

48 പന്തില്‍ ഏഴ് സിക്സും ആറ് ഫോറും പറത്തിയ സഞ്ജു വി സാംസണ്‍ 91 റണ്‍സുമായി കളിക്കളത്തില്‍ നിറഞ്ഞാടുകയായിരുന്നു. സഞ്ജുവിന്റെ മികവില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെ 36 റണ്‍സിനു പരാജയപ്പെടുത്തിയിരുന്നു. അവസാന മത്സരത്തിനു ശേഷം സംസാരിക്കുമ്പോഴാണ് തന്റെ മാച്ച് ഫീ ഗ്രൗണ്ട് സ്റ്റാഫിനു നല്‍കാനുള്ള തീരുമാനം സഞ്ജു അറിയിച്ചത്.

ഗ്രൗണ്ട് ജീവനക്കാരുടെ കഠിനാധ്വാനം കൊണ്ട് മാത്രമാണ് മഴയ്ക്കിടയിലും കളി സാധ്യമായതെന്നും, അതിനാലാണ് താന്‍ മാച്ച് ഫീ അവര്‍ക്ക് നല്‍കാന്‍ തീരുമാനിച്ചതെന്നും സഞ്ജു വ്യക്തമാക്കി. ഒരു മത്സരത്തില്‍ 75,000 രൂപയാണ് മാച്ച് ഫീ. രണ്ട് മത്സരത്തില്‍ നിന്നും ലഭിച്ച 1.5 ലക്ഷം രൂപയാണ് സഞ്ജു ഗ്രൗണ്ട് ജീവനക്കാര്‍ക്ക് നല്‍കിയിരിക്കുന്നത്.

Top